"ധാർമിക വിദ്യാർത്ഥിത്വത്തിന് നവോത്ഥാനത്തിന്റെ സുവര്‍ണ്ണ ശോഭ" MSM ഗോൾഡൻ ജൂബിലി സമ്മേളനം
വിദ്യാർത്ഥി ത്വത്തിൻെറ ചൂടും മിടിപ്പും തിരിച്ചറിഞ്ഞ് കൗമാരത്തിന്റെ ചടുലതയും യുവത്വത്തിന്റെ പ്രസരിപ്പും പക്വതയും നിലനിർത്തി വൈജ്ഞാനിക നഭോമണ്ഡലത്തിൽ ധാർമികതയുടെ സുവർണ്ണ പ്രഭ കൈവരിച്ച പ്രകാശ ഗോളമായി ഇതാ ഇവിടെ ഒരു കൂട്ടായ്മ. എം എസ് എം.. വിശ്വാസ ജീർണതകൾക്കെതിരെ ശക്തമായ ആശയ സമരങ്ങൾ… യുക്തിവാദവും,അന്ധമായ ശാസ്ത്ര പ്രണയവും ദൈവ നിഷേധത്തെ കലാലയ ചുവരുകളിൽ ബിംബമായി പ്രതിഷ്ഠിച്ച എഴുപതുകളിൽ ശാസ്ത്രവും ദൈവത്തിലേക്ക് പ്രമേയാവതരണങ്ങൾ കൊണ്ട് വിശ്വാസ ദൃഢതയിൽ ഒരു തലമുറയെ തിരിച്ച് പിടിക്കാൻ കഴിഞ്ഞ വൈജ്ഞാനിക മുന്നേറ്റങ്ങൾ. പാഠപുസ്തകത്തിലെ അന്യാമായ കടന്നു കയറ്റങ്ങൾ ക്കെതിരെ കേരളത്തിൽ ആഞ്ഞ് വീശിയ സമര കൊടുങ്കാറ്റുകൾ… കഞ്ചാവും,ലഹരിയും ഒരു തലമുറയുടെ കൗമാരത്തെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ ധർമ ബോധങ്ങളുടെ ജ്ഞാനാമൃതം ചുണ്ടുകളിൽ പകർന്നു നൽകി ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ട് വന്നത്… കർമ്മ മണ്ഡലങ്ങളിൽ സ്വർണ്ണ ശോഭ നേടുകയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി ഘടകം. വിളക്കും വഴികാട്ടി യുമാണ് വിദ്യാർത്ഥികൾക്ക് MSM. തിന്മകളുടെ ഘനാന്ധ കാരങ്ങളിൽ സാമൂഹിക പ്രബുദ്ധതയുടെ പ്രവാഹങ്ങൾ സൃഷ്ടിക്കുകയാണ് ഇൗ സംഘ ശക്തി. ഇത് ഇവിടെ നിലനിൽക്കണം.. വരുന്ന തലമുറകളുടെ ധാർമിക ജീവിതത്തിന്റെ തുരുത്തായി.മുഖമായി ഇതിവിടെ ഉണ്ടാകണം.. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി എം എസ് എം ഉയർത്തി വിട്ട നന്മയുടെയും ധാർമികതയുടെയും കൊടുങ്കാറ്റ് കേരളീയ വിദ്യാർത്ഥികളിൽ ആന്ദോളനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു യാഥാർത്യമാണ്. ഈമാനും തക്വയും തവക്കുലും കൈമുതലാക്കിയ അനേകം വിദ്യാർത്ഥികൾ കലാലയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന കാഴ്ച ഇതിന് തെളിവാണ്. അരനൂറ്റാണ്ടിന്റെ ധന്യമായ ചരിത്രം അനുസ്മരിച്ചും നവോഥാനത്തിന്റെ തുടർച്ചാനിർവഹണത്തെ കുറിച്ച് ആലോചിച്ചും ഈ വർഷം എം എസ് എം അതിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുകയാണ്. 2019 ഡിസംബർ 27,28,29 തിയ്യതികളിൽ കോഴിക്കോട് സർവകലാശാലയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ പഠനാർഹമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള എക്സിബിഷൻ, ബുക്ഫെയർ, സെമിനാർ, സിമ്പോസിയം തുടങ്ങിയവയെല്ലാം അടങ്ങിയ പ്രസ്തുത പരിപാടികളിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിതമാരും വിദ്യാഭ്യാസ വിചക്ഷണരും, രാഷ്ട്രീയ - സാംസ്‌കാരിക മേഖലകളിലെ പ്രഗൽഭരും പങ്കെടുക്കും. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടക്കുന്ന എക്സിബിഷനിലേക്കും പുതിയ ചരിത്രമുഹൂർത്തം കുറിക്കപ്പെടുന്ന സമ്മേളനത്തിലേക്കും താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.